അമിതവണ്ണം കുറച്ചാൽ സാമ്പത്തിക സഹായം ചെയ്യാം എന്ന വാഗ്ദാനം ലഭിക്കുന്നത്, പുരുഷന്മാരുടെ വണ്ണം കുറയ്ക്കും പഠന റിപ്പോർട്ട്

ഭാരം കുറയ്‌ക്കാനുള്ള പ്രചോദനം പലർക്കും പലതാണ്‌. ഇത് സംബന്ധിക്കുന്ന വ്യത്യസ്തവും കൗതുകവും നിറഞ്ഞ പഠന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. അമിതവണ്ണം കുറച്ചാൽ സാമ്പത്തിക സഹായം ചെയ്യാം എന്ന് വാഗ്ദാനം, പുരുഷന്മാരുടെ വണ്ണം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്. യുകെയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 400 പൗണ്ട്‌ സാമ്പത്തിക പ്രോത്സാഹനവും ഇത്‌ സംബന്ധിച്ച ദൈനംദിന ടെക്‌സ്‌റ്റ്‌ മെസേജുകളും പുരുഷന്മാരെ അമിതവണ്ണം കുറച്ച്‌ ഫിറ്റാകാൻ പ്രോത്സാഹിപ്പിക്കുമെന്ന്‌ പഠനറിപ്പോർട്ട്‌ പറയുന്നു. താഴ്‌ന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നുള്ള 585 പുരുഷന്മാരിലാണ്‌ പഠനം നടത്തിയത്‌. പഠന കാലയളവിൽ വണ്ണം കുറച്ചാൽ അവർക്ക്‌ ലഭിക്കാൻ പോകുന്ന സാമ്പത്തിക സഹായത്തെ പറ്റിയുള്ള സന്ദേശങ്ങളും ആരോഗ്യ ടിപ്‌സും അയച്ചു നൽകി. ഭാരം കുറയ്‌ക്കാനുള്ള ലക്ഷ്യം കൈവരിച്ചില്ലെങ്കിൽ പണം ലഭിക്കില്ലെന്നും അവരെ അറിയിച്ചു. പഠനത്തിൽ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യപ്പെട്ട പുരുഷന്മാരുടെ ശരീരഭാരം 4.8 ശതമാനം കുറഞ്ഞതായി ഗവേഷകർ നിരീക്ഷിച്ചു. അമിതവണ്ണം കുറച്ചാൽ പണം ലഭിക്കുമെന്നോ കുറച്ചില്ലെങ്കിൽ ഡിപ്പോസിറ്റ്‌ ചെയ്‌ത പണം നഷ്ടപ്പെടുമെന്നോ പറഞ്ഞാൽ ഏത്‌ വിധേനയും പുരുഷന്മാർ ഭാരം കുറയ്‌ക്കുമെന്നാണ്‌ പഠനം അടിവരയിടുന്നത്‌. യൂറോപ്യൻ കോൺഗ്രസ്‌ ഓഫ്‌ ഒബ്‌സിറ്റിയിൽ ഗവേഷണറിപ്പോർട്ട്‌ അവതരിപ്പിച്ചു.