ഒരു മണിക്കൂർ ഉറക്കനഷ്ടം മറികടക്കാൻ 4 ദിവസങ്ങൾ വേണ്ടിവരും

ഒരു മണിക്കൂർ ഉറക്കനഷ്ടം മറികടക്കാൻ 4 ദിവസങ്ങൾ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ത്തർ. ഉറക്കക്കുറവുമൂലം തലവേദന, ശ്രദ്ധക്കുറവ്, കൂടിവരുന്ന അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ കഴിയായ്ക, അമിതമായി ഉറക്കച്ചടവ് തുടങ്ങിയവ അനുഭവപ്പെടുമെന്ന് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ വ്യക്തമാക്കി. തന്റെ x അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ട്വീറ്റിന് താഴെ ഒരാൾക്ക് എത്രത്തോളം ഉറക്കമാണ് ആവശ്യം എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. മൂന്നുമാസം വരെ പ്രായമുള്ള കുട്ടികൾ പതിനാലുമുതൽ പതിനേഴ് മണിക്കൂറോളവും നാലുമുതൽ പന്ത്രണ്ടുമാസം വരെ പ്രായമുള്ള കുട്ടികൾ പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂറോളവും ഒന്നുമുതൽ അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികൾ പത്തുമുതൽ പതിനാല് മണിക്കൂറോളവും ഉറങ്ങണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. ആറുമുതൽ പന്ത്രണ്ടു വയസ്സുവരെ പ്രായമുള്ളവരാണെങ്കിൽ ഒമ്പതുമുതൽ പന്ത്രണ്ട് മണിക്കൂർ വരെയും പതിമൂന്നുമുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ളവരാണെങ്കിൽ എട്ടുമുതൽ പത്തുമണിക്കൂർ വരെയും പതിനെട്ടു വയസ്സിന് മുകളിലുള്ളവർ ഏഴുമുതൽ ഒമ്പതുമണിക്കൂർ വരെയും ഉറങ്ങണം. നൈറ്റ് ഡ്യൂട്ടിയും മൂലം രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാത്തവരാണെങ്കിൽ പകൽസമയത്ത് ഉറങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.