കൊല്ലത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍. അന്തരീക്ഷതാപനില 40 ഡിഗ്രിവരെ എത്തിയ സാഹചര്യത്തിൽ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകല്‍ 11 മണിമുതല്‍ വൈകുന്നേരം 3 വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാന്‍ ഇടനല്‍കരുത്. പരമാവധി ശുദ്ധജലം ദാഹമില്ലെങ്കിലും കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.