ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു താഴെയുള്ളവരിലെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്. നാൽപതു വയസ്സിനു താഴെയുള്ള അർബുദരോഗികളിൽ അറുപത് ശതമാനം പുരുഷന്മാരും നാൽപത് ശതമാനം സ്ത്രീകളുമാണെന്നും പഠനത്തിലുണ്ട്. ഹെഡ്&നെക്ക് കാൻസറാണ് ഏറ്റവുമധികം പേരിൽ റിപ്പോർട്ട് ചെയ്തതെന്നും പഠനത്തിലുണ്ട്. ഇരുപത്തിയാറ് ശതമാനം പേരിലാണ് ഈ കാൻസറുള്ളത്. പതിനാറ് ശതമാനത്തോടെ ഗ്യാസ്ട്രോഇന്റെസ്റ്റിനൽ കാൻസറാണ് രണ്ടാമത്തേത്. കുടൽ, വയർ, കരൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകളാണ് ഇവയിൽ കൂടുതൽ. സ്തനാർബുദരോഗികൾ പതിനഞ്ചുശതമാനവും രക്താർബുദ രോഗികൾ ഒമ്പതുശതമാനവുമാണെന്ന് പഠനത്തിൽ പറയുന്നു.