കത്തുന്ന വേനലിൽ അടുക്കളയിൽ കയറുമ്പോഴും ശ്രദ്ധവേണം എന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് വേനൽക്കാല ചൂടിനെ ചെറുക്കാനുള്ള മുൻകരുതൽ അധികൃതർ പങ്കുവെച്ചത്. ശരീരത്തിൽ ജലാംശം നിലനിർത്തുക, ഇടക്കിടക്ക് ലഘുഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ നിർദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന് പുറമെ ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിൽ കയറും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നട്ടുച്ചക്ക് അടുക്കളയിൽ പാകം ചെയ്യുന്നത് ഒഴിവാക്കുക. കത്തുന്ന ചൂടിനൊപ്പം പാകം ചെയ്യുന്നതിന്റെ ചൂടും കൂടിയാകുമ്പോൾ അടുക്കളയിലെ താപനില വർധിക്കും ഇതോടെ ശരീരത്തിലെ ചൂടും കൂടും. പരമാവധി ഉച്ചക്ക് മുമ്പ് പാകം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. ഭക്ഷണം പാകം ചെയ്യുമ്പോൾ പുകയും നീരാവിയും കറികളുടെയും മസാലകളുടെയും ഗന്ധവുമെല്ലാം അടുക്കളയിൽ നിറയുന്നു. ഇവ ശ്വസിക്കുന്നത് പലപ്പോഴും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും കരണമാകുന്നതുകൊണ്ട് പാകം ചെയ്യുന്ന ഇടം വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും അടുക്കളയിലെ ജനലുകളും വാതിലുകളും തുറന്നിടണമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. വേനൽക്കാലത്തെ അമിതമായ ചൂട് കാരണം ശരീരത്തിൽ നിന്ന ധാരാളം വെള്ളം നഷ്ടമാകും. ഉയർന്ന അളവിലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വെള്ളവും അധികമായി നഷ്ടപ്പെടും. ഇതുമൂലം പലപ്പോഴും നിർജ്ജലീകരണത്തിനും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. അതിനാൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലതെന്നും നിർദ്ദേശമുണ്ട്. ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയ കഫീനുകൾ ഡൈയൂററ്റിക്‌സാണ്. ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. ശരീരത്തിൽ നിന്ന് അധികമായി ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഈ പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.