മാനസിക-ശാരീരികാരോഗ്യത്തിൽ വ്യായാമത്തിന്റെ പങ്ക് വളരെ വലുതാണെന്നും, നാൽപത്തിമൂന്നാം വയസ്സിൽ ഫിറ്റ്നസ് നേടിയെടുത്തതിനെ ക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് യൂട്യൂബറും സംരംഭകനുമായ അങ്കുർ വരികൂ. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് അങ്കുർ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. മുപ്പത്തിരണ്ടാം വയസ്സിൽ അവാസ്കുലാർ നെക്രോസിസ് എന്ന ആരോഗ്യ പ്രശ്നം അങ്കുറിന് സ്ഥിരീകരിച്ചിരുന്നു. ഇടുപ്പിന് നടത്തിയ ശസ്ത്രക്രിയക്കുശേഷം മൂന്നുമാസത്തോളം കിടക്കയിൽ തന്നെയായിരുന്നു ജീവിതം. ശേഷം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടിയത്തിന് പരിഹാരമായി അങ്കുർ ഓട്ടത്തിൽ അഭയംതേടി, തുടർന്ന് മുപ്പത്തിമൂന്നാം വയസ്സിൽ 6 pack നേടാനുള്ള പരിശ്രമങ്ങൾ തുടങ്ങി. നാൽപത്തിമൂന്നാം വയസ്സിൽ സിക്സ്പാക് ബോഡിക്കായി കലോറി കുറച്ചുള്ള ഭക്ഷണരീതി തുടർന്നു എന്നും അങ്കുർ പറയുന്നു. പ്രോട്ടീൻ ലഭിക്കുന്നതിനായി വാൾനട്ട്, ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഉൾപ്പെടുത്തി. പച്ചക്കറികളും പഴവർഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തി, മാത്രമല്ല അത്താഴം നാലുമണിക്കു മുമ്പേ കഴിക്കുന്നതും ശീലമാക്കി. രണ്ട് റൊട്ടിയും സോയാ ബീനും പച്ചക്കറിയും പരിപ്പ് കറിയും യോഗർട്ടുമാണ് അത്താഴത്തിന് കഴിക്കുക. ആറരയോടെ ഒരു ബൗൾ തൈരും കഴിച്ചു അന്നത്തെ ഭക്ഷണം അവസാനിപ്പിക്കും. വർക്കൗട്ടിന്റെ ഭാഗമായി ആഴ്ചയിൽ ആറുതവണ ഒരുമണിക്കൂറോളം ടെന്നീസ് കളിക്കും. മുക്കാൽമണിക്കൂറോളം വർക്കൗട്ട് ചെയ്യുന്നതും പതിവാക്കി. ഇന്ന് നാൽപത്തിമൂന്നിലെത്തി നിൽക്കുമ്പോൾ തന്റേത് കരുത്താർന്ന ശരീരം ആണെന്ന് അങ്കുർ പറയുന്നു.