2023 മുതൽ പാർസൽ ഭക്ഷണത്തിൽ ലേബൽ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ഭക്ഷണശാലകൾക്ക് വിമുഖത എന്ന് റിപ്പോർട്ട്. കടയിലെ തിരക്കുൾപ്പെടെ ചൂണ്ടിക്കാട്ടി സ്ഥാപനങ്ങൾ നിയമം പാലിക്കാൻ മടിക്കുകയാണ്. പാർസൽ ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം പാകം ചെയ്ത സമയം, എത്ര സമയത്തിനകം ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശം നൽകിരുന്നു. എന്നാൽ ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെ പല ഭക്ഷ്യവിതരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശം പാലിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥാപനം ഏതെന്നുപോലും തിരിച്ചറിയാത്ത കവറുകളിലാണ് ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനങ്ങൾപോലും ഭക്ഷണവിതരണം നടത്തുന്നത്. ലേബൽ പതിക്കലുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് ജനുവരിയിൽ നടത്തിയ ‘ഓപ്പറേഷൻ ലേബൽ’ പരിശോധനയിലൂടെ 122 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യിതു. അതേസമയം, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശം പ്രായോഗികമല്ലെന്ന് ഹോട്ടൽ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു. കടകളിൽ ഓരോ വിഭവങ്ങളും തയ്യാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. പല വിഭവങ്ങളും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണെന്നും ഇവയുടെ സമയപരിധി കൃത്യമായി നിശ്ചയിക്കാനാവില്ലെന്നുമാണ് അവരുടെ വാദം.