ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളി നേഴ്സ് എന്ന് പൊലീസ്. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന 24 വയസ്സുകാരി രേഷ്മയെ ആണ് കഴിഞ്ഞ 25-ാം തീയതി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്. ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രേഷ്മ കഴിഞ്ഞിരുന്നത്. കഴിഞ്ഞമാസം രേഷ്മയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ മാനസിക വിഷമത്തിൽ ആയിരുന്ന യുവതി 24ന് ആണ് വീട് വിട്ടിറങ്ങിയത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട കെട്ടി കഴുത്തിൽ കുരുക്കിട്ട് നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നില്ല. അതേസമയം സംഭവദിവസം പുലർച്ചെ 1.45ന് കയ്യിൽ വെള്ളക്കുപ്പിയുമായി രേഷ്മ റെയിൽവേ സ്റ്റേഷനിലെ അതീവ സുരക്ഷിത മേഖലയിലേക്ക് നടക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോൾ യുവതിക്കൊപ്പമോ തൊട്ടുപിന്നാലെയോ ആരുമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.