ഇന്ത്യയിലെ പകുതിയോളം ഡോക്ടർമാരും രോഗികൾക്ക് നൽകുന്നത് അപൂർണമായ മരുന്നു കുറിപ്പടികളെന്ന് ഐസിഎംആർ പഠനറിപ്പോർട്ട്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപൂർണമായ മരുന്നുകുറിപ്പടി മുതൽ ഒന്നിലധികം രോഗനിർണയ സംവിധാനങ്ങൾ വരെ പ്രെസ്ക്രൈബ് ചെയ്യുന്ന നിയമലംഘനങ്ങൾ കുറുപ്പടികളിൽ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. 2019-20 വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ പ്രമുഖ സർക്കാർ ആശുപത്രികളിലെ ഔട്ട് പേഷ്യൻറ് ഡിപ്പാർട്ടുമെന്റ്കളിലാണ് പഠനം നടത്തിയത്. കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കാതെയുള്ള കുറിപ്പടികൾ പഠനസമയത്ത് കണ്ടെത്തി. ഫോർമുലേഷൻ, ഡോസേജ്, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്താത്ത അപൂർണമായ കുറിപ്പടികളും അവയിൽ ഉൾപ്പെടുന്നു. ചില മരുന്നുകൾ അനുചിതമായി എഴുതിയിരിക്കുന്നതായും കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.