മധ്യവയസ്സിലെ ഹൈപ്പർ ടെൻഷൻ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. അർജന്റീനയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഹൈപ്പർ ടെൻഷൻ റിസർച്ച് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അർജന്റീനയിൽ നിന്നുള്ള 1279 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അർജന്റീനയിലെ തന്നെ ഹാർട്ട് ബ്രെയിൻ സ്റ്റഡിയിൽ നിന്നും ഡേറ്റകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. നാൽപത്തിയേഴിനും അമ്പത്തി മൂന്നിനും ഇടയിൽ പ്രായമുള്ള ഹൈപ്പർ ടെൻഷൻ രോഗികളിൽ ഡിമെൻഷ്യ സാധ്യത 28% കൂടുതലാണെന്ന് പഠനം കണ്ടെത്തി. ഇതിലേറെയും രക്തസമ്മർദം തിരിച്ചറിയപ്പെടാതെ പോവുകയും മതിയായ ചികിത്സ തേടാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. ഹൈപ്പർടെൻഷൻ രോഗികളിൽ മസ്തിഷ്ക പരിശോധന കൂടി നിർബന്ധമാക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ നിർദ്ദേശിച്ചു. ഹൈപ്പർ ടെൻഷൻ മൂലം തകരാറുകളുണ്ടാകുന്ന മൂന്ന് പ്രധാന അവയവങ്ങളാണ് ഹൃദയം, വൃക്ക, മസ്തിഷ്കം എന്നിവ. എന്നാൽ ഹൈപ്പർ ടെൻഷനൊപ്പം വൃക്കം, ഹൃദയം എന്നിവയുടെ തകരാറുകൾക്ക് പ്രാധാന്യം നൽകുമ്പോൾ മസ്തിഷ്കത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.