തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ

20 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിക്ക് അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) പരീക്ഷയിലാണ് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്ന ഡോ. രഞ്ജിനി രാധാകൃഷ്ണന് ഡോ. എച്ച്.എൽ. ത്രിവേദി ഗോൾഡ് മെഡൽ ലഭിച്ചത്. ദേശീയ തലത്തിൽ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ മെഡിക്കൽ കോളേജുകളിൽ നിന്നും നെഫ്രോളജി സൂപ്പർ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും ഡി.എൻ.ബി. നെഫ്രോളജി റെസിഡൻസുമാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. അതിലാണ് രഞ്ജിനി രാധാകൃഷ്ണൻ ഒന്നാമതെത്തിയത്. അഖിലേന്ത്യാ പരീക്ഷയിൽ സ്വർണ മെഡൽ ലഭിച്ച ഡോ. രഞ്ജിനി രാധാകൃഷ്ണനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് ഡോ. രഞ്ജിനി രാധാകൃഷ്ണൻ. മേയ് 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന കോൺവക്കേഷനിൽ രാഷ്ട്രപതി സ്വർണമെഡൽ സമ്മാനിക്കും.