അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശി ഒന്നര വയസ്സുകാരന്റെ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ കുഞ്ഞിന്റെ ചികിത്സ ആരംഭിച്ചു. ത്വക്കിനെ ബാധിക്കുന്ന ഡിഫ്യൂസ് ക്യൂട്ടേനിയസ് മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗമാണ് കുഞ്ഞിനെ ബാധിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ ജെനറ്റിക്‌സ്, പീഡിയാട്രിക്, ഡെര്‍മറ്റോളജി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നൽകിവരുന്നത്. ഗുരുവായൂരില്‍ കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടത്. കുഞ്ഞിന്റെ അമ്മയെ അന്ന് തന്നെ ഫോണില്‍ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു. അമ്മ സിന്ധുവും മകനും മന്ത്രിയുടെ ഓഫീസിലെത്തി മന്ത്രിയെ കണ്ട് നന്ദിയറിയിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മന്ത്രി സഹായിച്ചതെന്ന് അവര്‍ അറിയിച്ചു.