കോവിഡ് ബാധ മനുഷ്യരുടെ ഐക്യു പോയിന്റ് കുറയാൻ കാരണമാകുമെന്ന് പഠന റിപ്പോർട്ട്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദീർഘകാലം കോവിഡ് ബാധിച്ചവർക്ക് ഐക്യു ശരാശരി ആറ് പോയിൻ്റ് വരെ താഴ്ന്നു എന്ന് ഗവേഷകർ പഠനത്തിൽ കണ്ടെത്തി. കോവിഡ് മൂലം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികൾക്ക് ഐക്യുവിലെ വീഴ്ച 9 പോയിന്റ് വരെ ആകാമെന്നും പഠനം പറയുന്നു. ഒരു തവണ കോവിഡ് വന്നവർക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോൾ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. രണ്ടോ അതിലധികമോ തവണ ഡോസ് കോവിഡ് വാക്‌സീൻ എടുത്തവർക്ക് ധാരണശേഷിപരമായ ചെറിയ മെച്ചം ലഭിക്കുന്നുണ്ടെന്നും പഠനം പറയുന്നു. ഒറിജിനൽ വൈറസ് മൂലം അണുബാധയേറ്റവർക്ക് ഉണ്ടായ അത്ര ധാരണാശേഷി പ്രശ്‌നങ്ങൾ അടുത്ത കാലത്തായി പുതിയ വകഭേദങ്ങളിൽ നിന്ന് അണുബാധയേൽക്കുന്നവർക്ക് ഉണ്ടാകില്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇൻ്റർനെറ്റ് സർവേയിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. അതിനാൽ തന്നെ കൂടുതൽ വിശാലമായ ഗവേഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.