പുകവലി പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഇ-ക്ലിനിക്കൽ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണ്, ഇവരിൽ ഇഷ്കെമിക് സ്ട്രോക്കിനുള്ള സാധ്യത കൂടതലാണെന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു. ഫിൽറ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ സിഗരറ്റുകൾ പക്ഷാഘാതസാധ്യത വർധിപ്പിക്കും. പത്തുമണിക്കൂറിലേറെ പാസീവ് സ്മോക്കിങ്ങിലൂടെ കടന്നുപോകുന്നവരിൽ പക്ഷാഘാതസാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ദിവസത്തിൽ ഇരുപതു സിഗരറ്റിലേറെ വലിക്കുന്ന അമ്പതു വയസ്സിനുതാഴെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പുകവലിയിക്കാർക്കിടയിലെ പക്ഷാഘാത റിപ്പോർട്ടുകൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് കൂടുതൽ. അതിൽ തന്നെ ചെറുപ്പക്കാർക്കിടയിലാണ് കൂടിവരുന്നതെന്നും പഠനത്തിൽ പറയുന്നുണ്ട്. പുകവലി കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെക്കുന്നതാണ് പഠനമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.