ശരീരത്തിലെ അയണിന്റെ തോത് കുറയുന്നത് ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠന റിപ്പോർട്ട്. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിലധിക കാലയളവിൽ 214 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 45 ശതമാനം പേര്‍ക്ക് മൂന്ന് മുതല്‍ 10 മാസം വരെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. ഒരു അണുബാധയുണ്ടാകുമ്പോള്‍ രക്തപ്രവാഹത്തില്‍ നിന്ന് അയണ്‍ നീക്കം ചെയ്‌തു കൊണ്ടാണ് ശരീരം പ്രതികരിക്കുന്നത്. അണുബാധയ്‌ക്ക് ശേഷം നീര്‍ക്കെട്ട് കുറയുകയും അയണിന്റെ തോത് പൂര്‍വസ്ഥിതിയിലാകുകയും ചെയ്യും. എന്നാൽ കോവിഡിന് ശേഷം ചിലരില്‍ ഈ പുനസ്ഥാപനം വൈകാറുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘകാല കോവിഡ് വരുന്നവരില്‍ അമിതമായ ക്ഷീണവും ഊര്‍ജ്ജമില്ലായ്‌മയുമൊക്കെ അനുഭവപ്പെടുന്നതിന്റെ കാരണം ഇതാകാമെന്ന് ഗവേഷകർ അനുമാനിക്കുന്നു. നീര്‍ക്കെട്ട് നിയന്ത്രിക്കുന്നതിലൂടെയും അയണ്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതിലൂടെയും ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളെ മറികടക്കാനാകുമെന്ന് പഠനം വ്യക്തമാക്കുന്നു.