കേൾവിക്കുറവുണ്ടെങ്കിൽ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം കേൾവി പരിശോധിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും ആശുപത്രി വിടും മുൻപ് തന്നെ കേൾവിക്കുറവുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി വരുന്നുണ്ട്. കേൾവിക്കുറവുള്ളവർക്ക് ശ്രവണ സഹായി മുതൽ അതിനൂതന ചികിത്സാ സംവിധാനമായ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം സൗജന്യമായി നൽകി വരുന്നുണ്ട്. കർണ സംബന്ധമായ രോഗാവസ്ഥകളെ വളരെ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹിയറിങ് ഫോറത്തിൽ കേരള ബധിരതാ നിയന്ത്രണ പദ്ധതിക്ക് അംഗത്വം നൽകിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.