ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്നും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വ്യക്തമാക്കി. അമിതമായ ചൂടും വയറിളക്കവും നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ്ണ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവും. ജലജന്യ രോഗങ്ങൾ ആയ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ, ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, ആരോഗ്യകരമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുക, കുടിക്കുവാൻ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക, ഭക്ഷണപാനീയങ്ങളിൽ ഈച്ച , കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക, എന്നീ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു.