കേരളത്തിൽ ആദ്യമായി ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റം; ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

കേരളത്തിൽ ആദ്യമായി ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിർവഹിച്ചു. രോഗിയുമായി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനിൽ തെളിയുന്ന സംവിധാനമാണ് Hospital Pre-Arrival Notification സിസ്റ്റം. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നവ ഉൾപ്പെടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളിൽ ആംബുലൻസ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനിൽ തെളിയും. മികച്ച ട്രോമാകെയർ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടായി മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവർത്തനം മന്ത്രി വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആംബുലൻസുകളിൽ സ്ഥാപിച്ചിരിക്കുന്ന ജി.പി.എസിന്റെ സഹായത്തോടെയാണ് ആംബുലൻസ് ആശുപത്രിയിൽ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാൻ കഴിയും. ഭാവിയിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.