തലവേദനയെ നിസ്സാരമായികാണരുതെന്ന് മുന്നറിയിപ്പ് നൽകി ഹൈദരാബാദിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ. എക്സിൽ പങ്കുവെച്ച ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. മൈഗ്രേൻ, ടെൻഷൻ മൂലം ഉണ്ടാക്കുന്ന തലവേദന സാധാരണയായി എല്ലാവരിലും കണ്ടുവരുന്നതാണെന്നും ഇവ ഗുരുത പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും, ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നും ഡോ.സുധീർ കുമാർ വ്യക്തമാക്കുന്നു. എന്നാൽ ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തലവേദനകൾ ഉണ്ട്. അവയ്ക്ക് കൃത്യസമയത്ത് ചികിത്സ നൽകാത്ത പക്ഷം സങ്കീർണമാവുകയും മരണം വരെ സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവകരവും തീവ്രവുമായ പല തലവേദനകൾക്കും പിന്നിൽ മസ്തിഷ്കത്തിലെ രക്തസ്രാവം ആണ് കാരണം. ഉറക്കത്തിനിടയിൽ എഴുന്നേൽക്കേണ്ടി വരുന്ന തലവേദന, അതിരാവിലെയുള്ള തലവേദന, ഛർദി, കാഴ്ച മങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾ കൂടെ ഉണ്ടെങ്കിൽ ബ്രൈൻസ്റ്റർമിങ് ലക്ഷണങ്ങൾ ആണ് എന്നും ഡോക്ടർ വ്യക്തമാക്കുന്നു. കൂടാതെ കൈകകാലുകളുടെ തളർച്ചയോടെ വരുന്ന തലവേദന, പക്ഷാഘാതത്തിന്റെ ലക്ഷണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലവേദന വരുന്നതിന്റെ ആവർത്തനം, തീവ്രത, സ്വഭാവം തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. തലവേദനയ്ക്കൊപ്പം ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ നിസ്സാരമാക്കാതെ ന്യൂറോളജിസ്റ്റുകളെ കണ്ട് ചികിത്സ തേടണം എന്നും ഡോ.സുധീർ കുമാർ എക്സ്ൽ കുറിച്ചു.