50 വയസ്സിന് താഴെയുള്ളവരിൽ വൻകുടലിലെ ക്യാൻസർ വർദ്ധിച്ച് വരുന്നതായി പഠനം. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അമിതവണ്ണം, വ്യായാമില്ലായ്മ, പുകവലി തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണം. ലിഞ്ച് സിൻഡ്രോം, ഫാമിലിയൽ അഡിനോമാറ്റസ് പോളിപോസിസ് തുടങ്ങിയ ജനിതക അവസ്ഥകൾ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. സംസ്കരിച്ച മാംസവും കൊഴുപ്പും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം വൻകുടൽ കാൻസറിലേക്ക് നയിക്കും. ഭക്ഷണക്രമം, പൊണ്ണത്തടി, ചില മരുന്നുകൾ എന്നിവ കുടലിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തെ മാറ്റും. ഈ മാറ്റം ക്യാൻസർ വളരാൻ സഹായിക്കുന്ന വീക്കം ഉണ്ടാക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വയറിളക്കം, മലബന്ധം, വയറുവേദന, ഭാരം കുറയൽ, മലത്തിൽ രക്തം തുടങ്ങിയവ ശ്രദ്ധിക്കാതെ പോകരുത് എന്നും വൻകുടൽ കാൻസർ, ക്രോൺസ് രോഗം, വൻകുടൽ പുണ്ണ് തുടങ്ങിയ കോശജ്വലന രോഗങ്ങളുടെ വികസനത്തിനും ഈ ലക്ഷണങ്ങൾ കാരണമാകുമെന്നും പഠനം പറയുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും വിദഗ്ധർ പറയുന്നു. പോഷകാഹാരം, വ്യായാമം, സംസ്‌കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കൽ തുടങ്ങിയവയിലൂടെ യുവാക്കളിൽ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.