ഉറക്കം ആറു മണിക്കൂറിൽ കുറവാണെങ്കിൽ ഹൈപ്പർടെൻഷന് സാധ്യത കൂടുതലെന്ന് പഠനം

ഉറക്കം ആറു മണിക്കൂറിൽ കുറവാണെങ്കിൽ ഹൈപ്പർടെൻഷന് സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2000 ജനുവരി മുതൽ 2023 വരെ നടത്തിയ പതിനാറു പഠനങ്ങളിൽ നിന്നുള്ള ഡേറ്റയാണ് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചത്. ആറു രാജ്യങ്ങളിൽ നിന്ന് 10 ലക്ഷത്തിൽ അധികം പേരുടെ ഹൈപ്പർടെൻഷൻ വിവരങ്ങളാണ് പഠനത്തിയായി പരിശോധിച്ചത്. ഇതെ തുടർന്നാണ് ഉറക്കം കുറവായാൽ ഹൈപ്പർടെൻഷനു സാധ്യത കൂടുതൽ എന്ന് ഗവേഷകർ കണ്ടെത്തിയത്. അഞ്ചുമണിക്കൂറിൽ കുറവ് ഉറങ്ങിയവരിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു .ഏഴു മണിക്കുറിൽ കുറവ് ഉറങ്ങുകയാണെങ്കിൽ രക്തസമ്മർദം വർധിക്കാനുള്ള സാധ്യത ഏഴുശതമാനവും. അഞ്ചുമണിക്കൂറിൽ കുറവാണെങ്കിൽ രക്തസമ്മർദ സാധ്യത പതിനൊന്ന് ശതമാനമായി വർധിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു. ഉറക്കത്തിനൊപ്പം ഡയബറ്റിസും പുകവലിയും ഹൈപ്പർടെൻഷൻ വർധിപ്പിക്കുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മുപ്പത്തിയഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ആരോ​ഗ്യകരമായ ശരീരത്തിന് ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്ന് പഠനം നിർദ്ദേശിക്കുന്നു. സയൻസ് ഡെയിലി എന്ന ജേർണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.