രാത്രി മതിയായി ഉറക്കം ലഭിക്കാത്തവരിൽ പിറ്റേ ദിവസം രാവിലെ മൈഗ്രേൻ അറ്റാക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ന്യൂറോളജി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഏഴു മുതൽ 84 വയസ്സുവരെ പ്രായമുള്ളവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എത്ര സമയം ഉറങ്ങിയെന്നും ഉറക്കത്തിനിടെ എത്രപ്രാവശ്യം എഴുന്നേറ്റുവെന്നും ഗവേഷകർ പരിശോധിക്കുകയും, ഒപ്പം മൈഗ്രേൻ അറ്റാക്കുകൾ ഉണ്ടായ സമയവും രേഖപ്പെടുത്തി. തുടർന്നാണ് ഉറക്കം സുഖകരമല്ലാത്തവരിൽ അടുത്ത ദിവസം മൈഗ്രേനിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയത്. മൈഗ്രേൻ, ക്ലസ്റ്റർ ഹെഡ്എയ്ക്കുകൾ തുടങ്ങി സ്ഥിരമായി തലവേദനകൾ ഉള്ളവരിൽ മതിയായി ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.