ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപികരിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങുന്നത് വരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വിവിധ ടീമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. ഫെബ്രുവരി 26 വരെ ഈ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം തുടരും. ഇതിന് പുറമെ പൊങ്കാല ദിവസമായ ഫെബ്രുവരി 25ന് ക്ഷേത്ര പരിസരത്ത് ഒരു മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതാണ്. നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ഫെബ്രുവരി 26 വരെ രണ്ട് കനിവ് 108 ആംബുലന്‍സുകള്‍ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ ആയുര്‍വേദ ഹോമിയോ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്‍ട്രോള്‍ റുമൂം ആറ്റുകാലില്‍ സജ്ജമാക്കിയിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.