രാജ്യത്ത് ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാൻസ്ജെൻഡർ വ്യക്തിക്ക് കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു. ഫെർട്ടിലിറ്റി പ്രിസർവേഷൻ ചികിത്സാ രീതിയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാൻസ്മാൻ വ്യക്തിക്കും പങ്കാളിക്കും കുഞ്ഞ് ജനിച്ചത്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് നേട്ടം കൈവരിച്ചത്. 2021-ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഫെർട്ടിലിറ്റി പ്രിസർവേഷനു വേണ്ടി ഇവർ സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. തുടർന്ന് അണ്ഡം ഐ.വി.എഫ്. ചികിത്സയ്ക്ക് സമാനമായ രീതിയിൽ എടുത്ത് അവ ഭ്രൂണമായി ശീതീകരിച്ച് വെക്കുകയായിരുന്നു. ലിംഗമാറ്റത്തിനുള്ള ഹോർമോൺ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും ശേഷം പങ്കാളിയുടെ ഗർഭപാത്രത്തിൽ ഈ ഭ്രൂണം നിക്ഷേപിച്ചു. ഭ്രൂണനിക്ഷേപം ആദ്യതവണ തന്നെ വിജയമാകുകയും 2023 ഡിസംബറിൽ 2.8 കി.ഗ്രാം ഭാരമുള്ള പൂർണ ആരോഗ്യവാനായ ആൺകുഞ്ഞ് പിറക്കുകയും ചെയ്തു.