ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച ഭക്ഷ്യ വില്പനാ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചു; ആരോഗ്യമന്ത്രി

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 ഭക്ഷ്യ വില്പനാ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി 13,100 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.103 സ്‌ക്വാഡുകൾ നാല് ദിവസങ്ങളിലായാണ് പരിശോധനകൾ നടത്തിയത്. രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിച്ച 1000 സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കുവാനുള്ള നോട്ടീസ് നൽകി. കൂടുതൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധന കർശനമാക്കിയത് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.