രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലൂടെ രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളമാറിയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്. എല്ലാ ജില്ലകളിലും ബ്ലോക്കുകളിലുമായി എ.എം.ആർ. കമ്മിറ്റികൾ രാജ്യത്ത് ആദ്യമായി കേരളത്തിൽ രൂപീകരിച്ചിരുന്നു. അവയുടെ പ്രവർത്തനഫലമായാണ് എറണാകുളം ജില്ലയ്ക്ക് ഇത് പുറത്തിറക്കാൻ സാധിച്ചത്. കാർസാപ്പ് അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിത്. ലോക എ.എം.ആർ. അവബോധ വാരാചണത്തോടനുബന്ധിച്ചും ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായും കേരളം ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള പുസ്തകവും മന്ത്രി പുറത്തിറക്കി. എല്ലാ ജില്ലകളുടേയും ആന്റിബയോഗ്രാം വരും വർഷങ്ങളിൽ പുറത്തിറക്കുക എന്നതാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും, 11 ജില്ലകളിൽ ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ ലാബ് സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.