സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് കണ്ടെത്തി ഗവേഷകർ. അമേരിക്കയിലുള്ള മയോ ക്ലിനിക്കിലെ ഗവേഷകരാണ് പഠനം നടത്തിയത്. പുരുഷന്മാരെപ്പോലെ നെഞ്ചിൽ കഠിനമായ വേദന, സമ്മർദം, അസ്വസ്ഥത എന്നിവ സ്ത്രീകളിൽ അനുഭവപ്പെടണം എന്നില്ല. പകരം ശ്വാസതടസ്സം, ഓക്കാനം, ഛർദി, പുറംവേദന, താടിയെല്ലിന്റെ ഭാഗത്തെ വേദന തുടങ്ങിയവ സ്ത്രീകളിൽ ഹൃദയാഘാതസമയത്ത് കണ്ടുവരുന്ന ലക്ഷണങ്ങൾ ആണ്. ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, രക്തസമ്മർദം തുടങ്ങിയവയാണ് സ്ത്രീകളിൽ ഹൃദയാഘാതനിരക്കുകൾ വർധിപ്പിക്കുന്ന ഘടകങ്ങൾ എന്നും ഗവേഷകർ വ്യക്തമാക്കി. പലരും ലക്ഷണങ്ങൾ നിസ്സാരമാക്കി വിട്ട് അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം അതിനാൽ തന്നെ എല്ലാ പ്രായക്കാരായ സ്ത്രീകളും ലക്ഷണങ്ങളെ ഗൗരവകരമായി കണ്ട് വിദഗ്ധചികിത്സ തേടാൻ തയ്യാറാവണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.