ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുകൂലമായ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്

ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുകൂലമായ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ എംപാനൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീ സൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കും. ജില്ലാതല ആശുപത്രികളിൽ കൂടി പരിശീലനം നൽകി ഹിയറിങ് എയ്ഡുകളുടെ മെയിന്റൻസ് സാധ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി. പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ മന്ത്രി യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. മറ്റ് ആശുപത്രികളും സമയബന്ധിതമായി സർജറിയും, മെയിന്റനൻസും, പ്രോസസ് അപ്ഗ്രഡേഷനും, പൂർത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാർ നടത്തിവരുന്ന പദ്ധതിയാണ് ശ്രുതിതരംഗം.