പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിലെ കുളനട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. എംഎൽഎ ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 55 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ ആരോഗ്യ കേരളത്തിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. കെട്ടിടത്തിൽ വെയ്റ്റിംഗ് ഏരിയ, ഒപി റൂം, രജിസ്ട്രേഷൻ കൗണ്ടർ, പ്രീ ചെക് റൂം, ഡ്രസിങ് റൂം, നിരീക്ഷണ മുറി, ഫാർമസി, ഫാർമസി സ്റ്റോർ, നഴ്‌സിംഗ് സ്റ്റേഷൻ, ഇൻജക്ഷൻ റൂം, സെർവർ റൂം, ടോയ്‌ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രമായി മാറിയതോടെ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ പൊതുജനങ്ങൾക് ഒപി സേവനം ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ജീവിതശൈലീ രോഗ നിർണയ ക്ലിനിക് ശ്വാസ്, ആശ്വാസ് ക്ലിനിക്, വയോജന ക്ലിനിക്, പാലിയേറ്റീവ് കെയർ ഒ.പി, ഗർഭിണികൾക്കുള്ള ക്ലിനിക്, പ്രതിരോധ കുത്തിവയ്പ്, എന്നീ സേവനങ്ങൾ ഈ സ്ഥാപനത്തിൽ ലഭ്യമാകും. എല്ലാ ദിവസവും ലാബിന്റെ സേവനം ലഭിക്കുന്നതാണ്. മാസത്തിൽ രണ്ട്, നാല് ചൊവ്വാഴ്ച ദിവസങ്ങളിൽ കണ്ണിന്റെ ഒപിയും ഉണ്ടായിരിക്കുന്നതാണ്. 1942ൽ ആരംഭിച്ച ഈ ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി മാറിയതോടെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രി കൂട്ടിചേർത്തു.