അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. പ്രോട്ടീന്റെ ഉപയോഗം അമിതമായാൽ ധമനീഭിത്തികൾക്ക് കട്ടി കൂടുന്ന അതിറോസ്‌ക്‌ളീറോസിസിന്റെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം പറയുന്നു. രക്ത ധമനികളുടെ ഭിത്തികളിൽ കൊഴുപ്പും മറ്റു വസ്തുക്കളും അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അതിറോസ്‌കളീറോസിസ്. 23 മനുഷ്യരിലും നിരവധി എലികളിലുമാണ് ഈ പഠനം നടത്തിയത്. സാധാരണ പ്രോട്ടീൻ അടങ്ങിയ ദ്രാവകാവസ്ഥയിലുള്ള ഭക്ഷണം ഒരു വിഭാഗത്തിനും വലിയതോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം മറ്റൊരു വിഭാഗത്തിനും നൽകിയാണ് ഗവേഷകർ പഠനം നടത്തിയത്. പഠനത്തിലൂടെ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ചവരിൽ അതിറോസ്‌കളീറോസിസ് കാരണമായ ല്യൂസിൻ എന്ന അമിനോ ആസിഡ് വലിയ തോതിൽ കണ്ടെത്തി. അതേസമയം സാധാരണ പ്രോട്ടീനുള്ള ഭക്ഷണം കഴിച്ച ആദ്യ വിഭാഗത്തിന്റെ ശരീരത്തിൽ ല്യൂസിൻ കുറവായിരുന്നു. എലികളിലും പഠനം നടത്തിയപ്പോൾ ഇതേ ഫലം തന്നെയാണ് ലഭിച്ചത്. പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിൽ പിന്നിൽ. നാച്ചുർ മെറ്റബോളിസം എന്ന ജേണലിലാണ് പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.