ഡിമെൻഷ്യ, അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി ‘ഓർമ്മത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ട് മുതൽ ‘വയോമിത്രം’ പദ്ധതിയ്ക്ക് കീഴിലെ ഡോക്ടർമാർ, ജീവനക്കാർ, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവർക്കർമാർ എന്നിവർക്ക് ഡിമെൻഷ്യ സംബന്ധിച്ച് പരിശീലനം നൽകും. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സർവകലാശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ ഉൾപ്പെട്ട സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പാണ് പരിശീലനങ്ങൾ നൽകുക. സംസ്ഥാനത്തെ 91 വയോമിത്രം യൂണിറ്റുകൾ കേന്ദ്രീകരിച്ച് സ്‌ക്രീനിങ്, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മെമ്മറി ക്ലിനിക്കുകൾ, ആവശ്യമുള്ളവർക്ക് മരുന്ന് ലഭ്യമാക്കൽ തുടങ്ങിയ പരിപാടികളാണ് ഈ വർഷം തുടങ്ങുക. 2024 ഏപ്രിലോടെ സംസ്ഥാനമാകെ പദ്ധതി പ്രവർത്തനം ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 15ന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ വയോമിത്രം പ്രോജക്ടുകളിൽ എത്തുന്ന വയോജനങ്ങളുടെ ഡിമെൻഷ്യ സ്‌ക്രീനിംഗും പദ്ധതിയുടെ ഉദ്ഘാടനദിവസം നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.