വയോജങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ കെയർ സെന്റർ, വാർധക്യ സൗഹൃദ ഭവനം എന്നീ രണ്ടു പദ്ധതികൾ പ്രഖ്യാപിച്ചു. മക്കൾ വിദേശ രാജ്യങ്ങളിലായിരിക്കുന്ന രക്ഷിതാക്കൾക്ക് നാട്ടിൽ ഒറ്റപ്പെടലിന്റെ ലോകത്ത് കഴിയേണ്ട സാഹചര്യമുണ്ട്. ഇത്തരക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് സാമൂഹിക നീതി വകുപ്പ് കെയർ സെന്റർ പ്രോജക്ടിന് രൂപം നൽകുന്നത്. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ, വയോജനങ്ങളിൽ നിന്ന് ഫീസിനത്തിൽ നിശ്ചിത തുക ഈടാക്കി, മെച്ചപ്പെട്ട സംരക്ഷണവും സേവനവും നൽകുന്ന സ്ഥാപനങ്ങളാണിവ. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഉന്നത നിലവാരമുള്ള സൗകര്യങ്ങളാണ് ഏർപ്പെടുത്തുക. കേരളത്തിലുള്ളവർക്കു പുറമേ, വിദേശത്തുള്ളവർക്കും ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശനം നൽകും. ഡോക്ടർ, നഴ്‌സുമാർ എന്നിവരുടെ മുഴുവൻ സമയ സേവനം ഇവിടെ ലഭ്യമാകും. ആരോഗ്യ പരിചരണത്തിന് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും.