ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചത് അപൂർവമാണെങ്കിലും സംഭവിക്കാവുന്നത്; മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി

ആലപ്പുഴ വനിതാ -ശിശു ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചത് അപൂർവമാണെങ്കിലും സംഭവിക്കാവുന്നതാണെന്ന് അന്വേഷണ സംഘത്തിലുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതാ മേനോൻ. എന്തുവന്നാലും നേരിടാനുള്ള സംവിധാനം ആശുപത്രികളിലില്ല. ജനുവരി 20-നാണു പഴവീട് സ്വദേശി ആശാ ശരത്ത് (31) മരിച്ചത്. സംഭവത്തിൽ ഡി.എം.ഒ. യുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി റിപ്പോർട്ട് തയ്യാറാക്കിവരുകയാണ്. പരിശോധനയിൽ ആശയ്ക്കു ‘റിസ്ക് ഫാക്ടറുകൾ’ ഒന്നുമുണ്ടായിരുന്നില്ല. വനിത-ശിശു ആശുപത്രിയിൽ ചികിത്സ വൈകിയെന്ന ആരോപണം തെറ്റാണ്. റോഡപകടങ്ങൾപോലെ പ്രവചനാതീതമാണ് ഇത്തരം അപകടങ്ങൾ. ഒരു പ്രശ്നവുമില്ലാത്ത സ്ത്രീകൾക്കും പ്രസവസമയത്ത് ബുദ്ധിമുട്ടുകളുണ്ടായേക്കാം. രാത്രിയിൽ അനസ്തേഷ്യ സൗകര്യമുൾപ്പെടെ പലതും പലആശുപത്രികളിലും ലഭ്യമല്ല. ഇതിനു ഭരണതലത്തിൽ ഇടപെടലുണ്ടാവണം. 2006-നു ശേഷം ആദ്യമായാണു ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയെത്തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്യുന്നതെന്നും ഡോക്ടർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.