പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ്‌ അധികൃതർ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഷിഗെല്ലയെ തുടർന്നാണോ കുട്ടി മരിച്ചതെന്നറിയാൻ ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്. പരവൂർ കോട്ടപ്പുറം സ്വദേശികളായ ദമ്ബതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ് മരിച്ചത്. കോട്ടപ്പുറം ഗവ. എൽ.പി.സ്കൂളിലെ വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്കൂളിൽവെച്ച്‌ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പരവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 11 വയസ്സുള്ള മൂത്ത കുട്ടിക്കും അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ആരോഗ്യനില മോശമായില്ല. ഏറ്റവും ഇളയകുട്ടിയുടെ നില മോശമായതിനെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവടക്കമുള്ള കുടുംബാംഗങ്ങളും ഒപ്പം ചികിത്സയിലുണ്ട്. പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടിക്ക് വിദഗ്ധചികിത്സയെ തുടർന്നാണ് ആരോഗ്യനില മെച്ചപ്പെട്ടത്. മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കോങ്ങാലിലെ കുട്ടികളുടെ വീട് സന്ദർശിച്ചു. പുറത്തുനിന്നുള്ള ഭക്ഷണം അടുത്തദിവസങ്ങളിലൊന്നും വീട്ടുകാർ കഴിച്ചിട്ടില്ലെന്നാണ് ലഭിച്ചിട്ടുള്ള വിവരം. പരിസരത്തെ വീടുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദപരിശോധനയ്ക്കുശേഷം മാത്രമേ ഷിഗെല്ലബാധ ഉണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാൻ കഴിയൂ എന്നും ഡി.എം.ഒ. ഡോ. ഡി.വസന്തദാസ് അറിയിച്ചു.