ഇന്ത്യയിൽ വികസിപ്പിച്ച CAR-T സെൽ തെറാപ്പിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോഗി രോഗവിമുക്തനായി. ഡോ. വി.കെ. ഗുപ്തയാണ് ഈ ചികിത്സയുടെ ആദ്യ ഗുണഭോക്താവ്. മജ്ജമാറ്റിവെക്കൽ ചികിത്സയും പരാജയപ്പെട്ടതോടെയാണ് വി.കെ.ഗുപ്തയിൽ CAR-T സെൽ തെറാപ്പി പരീക്ഷിച്ചത്. രോഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്കരിച്ചെടുത്ത് കാൻസർ സെല്ലുകളോട് പോരാടാൻ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്- 2023 ഒക്ടോബറിലാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാരീതിക്ക് അംഗീകാരം നൽകിയത്. NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിത്സാരീതി ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദ രോഗികളിൽ കൂടുതൽ ഫലപ്രദമാണ് എന്ന് പറയപ്പെടുന്നു. CAR-ടി സെൽ തെറാപ്പിക്കുവേണ്ടി 42 ലക്ഷത്തോളം രൂപ വി.കെ.ഗുപ്ത ചെലവാക്കിയെന്നാണ് റിപ്പോർട്ട്. ഇന്ത്യക്ക് പുറത്ത് മൂന്നുമുതൽ നാലുകോടിയോളം ചെലവുവരുന്ന ചികിത്സാരീതിയാണിത്.