ഡിമെന്‍ഷ്യ സൗഹൃദ കേരളം പദ്ധതിയായ ‘ഓര്‍മ്മത്തോണി’യ്ക്ക് 92 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു. സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ആണ് പദ്ധതി ആരംഭിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഡിമെന്‍ഷ്യ/അല്‍ഷിമേഴ്സ് ബാധിതരായ വയോജനങ്ങള്‍ക്കായി രൂപീകരിച്ച പദ്ധതിയാണ് ‘ഡിമെന്‍ഷ്യ സൗഹൃദ കേരളം’. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കും. ഡിമെന്‍ഷ്യ ബാധിതര്‍ക്കുള്ള വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് മന്ത്രി ആര്. ബിന്ദു വ്യക്തമാക്കി.