സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനു ഏർപ്പെടുത്തിയ നിയന്ത്രണം കടുപ്പിച്ചതോടെ അന്വേഷണം ഊർജിതമാക്കി ഇന്റലിജൻസ്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നതായും ഇത്തരം പ്രാക്ടീസ് നടത്തുന്നവർക്കെതിരെ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതായും വിവരമുണ്ട്. ഇൻറലിജൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവിയെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം കടുപ്പിച്ചതിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം തുടരുന്നതിനിടെയാണ് സർക്കാർ കർശന നടപടിയുമായി മുന്നോട്ടുപോകുന്നത്. ഡിസംബർ 28നാണ് സ്വകാര്യ പ്രാക്ടീസ് കടുപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. മെഡിക്കൽ കോളജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ അടക്കം സേവനം നടത്തുന്നുണ്ടെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് പരിശോധന ഊർജിതമാക്കിയത്.
സർക്കാർ ആശുപത്രികളിലെ സേവനത്തിനുശേഷം വൈകുന്നേരങ്ങളിലും രാത്രിയിലും ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ അടക്കം നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. മെഡിക്കൽ കോളജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്താമെങ്കിലും ആശുപത്രിയിൽ അഡ്മിറ്റാകാൻ സാധ്യതയുള്ള രോഗികളെ ചികിത്സിക്കരുതെന്നാണ് പുതുതായി ഇറക്കിയ ഉത്തരവിലെ നിർദേശം.