ആലപ്പുഴയിൽ കുട്ടികളിൽ മുണ്ടിനീര് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ്. പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുത്. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായി ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതൽ ആറുദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിലാണ് കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ് തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശി വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. നീര്, തൊണ്ട വേദന എന്നിവയാണെന്നു കരുതി ചികിത്സ വൈകരുതെന്നും മെഡിക്കൽ ഓഫീസർ ഓർമിപ്പിച്ചു.