നൂതന സംവിധാനങ്ങളോടെ പ്രവർത്തന സജ്ജമായി എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക്. രാജ്യത്തെ തന്നെ സർക്കാർ – സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഒരുങ്ങിയിരിക്കുന്നത്. ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 54 ഡയാലിസിസ് മെഷീനുകൾ, 54 കൗചുകൾ, മൾട്ടിപാരമീറ്ററുകൾ, ആറ് നഴ്‌സിങ്ങ് സ്റ്റേഷനുകൾ മൂന്ന് ഹെൽപ്പ് ഡസ്‌കുകൾ, 12 സ്‌ക്രബ്ബ് ഏരിയ, 300 ഡയലൈസറുകൾ തുടങ്ങിയ സൗകര്യങ്ങളാണ് സജ്‌ജമാക്കിയിട്ടുള്ളത്. രോഗികളുടെ മാനസിക ഉല്ലാസത്തിനായി 18 ടിവികൾ, സ്റ്റോറുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. എട്ട് കോടി രൂപ വകയിരുത്തിയാണ് പുതിയ ബ്ലോക്കിലെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. വൃക്ക രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി ഹീമോ ഡയാലിസിസും, പെരട്ടോണിയൽ ഡയാലിസിസും, റീനൽ ട്രാൻസ്പ്ലാന്റേഷനും സാധ്യമാകുന്ന ഒരു സമഗ്ര നേഫ്രോളജി പാക്കേജാണ് ജനറൽ ആശുപത്രിയിൽ യാഥാർത്ഥ്യമായിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോ ഡയാലിസിസിന് വിധേയരാവാം.