മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിധവയായ ഇരുപത്തിമൂന്നുകാരിക്ക് 27-ാമത്തെ ആഴ്ചയില്‍ ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. യുവതിയുടെ മാനസികനില പരിഗണിച്ചാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ഉത്തരവ്. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. സംഭവത്തിന് ശേഷം യുവതി മാനസികമായി തകര്‍ന്നു. യുവതിക്ക് ആത്മഹത്യാപ്രവണതയടക്കമുണ്ടെന്നും ഗര്‍ഭാവസ്ഥ തുടരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കാണിച്ച് എയിംസിലെ മാനസികാരോഗ്യ വിദഗ്ദ്ധര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.