36-കാരിയായ ഗർഭിണിക്ക് അപൂർവങ്ങളിൽ അപൂർവമായ ഹൃദ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ട്രിപ്പിൾ ബൈപാസ് അല്ലെങ്കിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് ശസ്ത്രക്രിയയിലൂടെയാണ് 36 കാരിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്. ലോകത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണിതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ചീഫ് കാർഡിയാക് സർജൻ എംഡി ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗർഭാവസ്ഥയുടെ അവസാന ട്രൈമസ്റ്ററിലുള്ള യുവതിക്ക് ടോട്ടൽ ആർട്ടീരിയൽ ട്രിപ്പിൾ വെസൽ കൊറോണറി ബൈപാസ് സർജറി നടത്തിയത്. ജനുവരി ഒന്നിനാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇവർ സുഖം പ്രാപിക്കുകയും, ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇവർ ഇപ്പോൾ മറ്റു പ്രശ്നങ്ങളില്ലാതെ പ്രസവത്തിനായി കാത്തിരിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.