മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ; മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്ത് മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. 731 പേര്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി അനുവദിച്ചത്. 2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി /പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണ് തുക നല്‍കിയത്. പ്ലസ് ടു ജനറല്‍ വിഭാഗത്തിലെ 167 പേര്‍ക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 146 പേര്‍ക്കും, എസ്.എസ്.എല്‍.സി ജനറല്‍ വിഭാഗത്തിലെ 176 പേര്‍ക്കും, എസ്.എസ്.എല്‍.സി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 242 പേര്‍ക്കുമാണ് ക്യാഷ് അവാര്‍ഡ് നല്‍കിയതെന്ന് മന്ത്രി ആര്‍ ബിന്ദു കൂട്ടിചേര്‍ത്തു.