രാജ്യത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എ വൈറസ് മൂലം പകരുന്ന മുണ്ടിനീരിന്റെ രോഗവ്യാപനം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന മുണ്ടിനീർ ബാധിച്ചവരിൽ നാലു മുതൽ ആറു ദിവസം വരെ രോഗം നിലനിൽക്കാനുള്ള സാധ്യതയുണ്ട്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം ബാധിക്കാൻ സാധ്യത കൂടുതലെങ്കിലും മുതിർവരിലും ഇത് കാണാറുണ്ട്. പ്രതിരോധ കുത്തിവെപ്പിന്റെ ശക്തി കുറഞ്ഞതും കുട്ടികളിൽ രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നടത്തിയ പഠനത്തിൽ സെറോപോസിറ്റിവിറ്റി ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞുവരുന്നതായും പ്രതിരോധകുത്തിവെപ്പ് എടുത്തവരിൽ സംവേദനക്ഷമത കുറയുന്നതായും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.