കാന്‍സര്‍ മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സംരംഭം ഏറ്റെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപിയെന്ന് മന്ത്രി പി രാജീവ്. ഇതിനായി ആലപ്പുഴ കലവൂരിലെ ഓങ്കോളജി ഫാര്‍മ പാര്‍ക്കില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കം. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് മുഖേനയുള്ള ഫണ്ട് ഉപയോഗിച്ച് ഏകദേശം 231 കോടി രൂപയുടെ മൊത്തം നിക്ഷേപത്തില്‍ കലവൂരിലെ 6.38 ഏക്കര്‍ സ്ഥലത്താണ് കാന്‍സര്‍ മരുന്ന് ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നത്. സാമൂഹിക നേട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഓങ്കോളജി ഡ്രഗ് ഫോര്‍മുലേഷനുകള്‍ നിര്‍മ്മിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ ഡിമാന്‍ഡുള്ള 20 ഓങ്കോളജി മരുന്നുകള്‍ കമ്പനി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ മരുന്നുകളുടെ ഉത്പാദനം നടത്തുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെയും, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെയും സമീപിച്ചതായും വ്യവായ വകുപ്പ് മന്ത്രി വ്യക്തമാക്കി.