കേരളത്തില്‍ നിന്നുള്‍പ്പെടെ ബ്രിട്ടനിലെത്തുന്ന നഴ്‌സുമാരെയും കെയറര്‍മാരെയും ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

കേരളത്തില്‍ നിന്നുള്‍പ്പെടെ ബ്രിട്ടനിലെ കെയര്‍ ഹോമുകളിലേക്ക് ജോലിക്കായി എത്തിയ വിദേശ നഴ്‌സുമാരെയും കെയറര്‍മാരെയും ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബി.ബി.സിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. ബാലകൃഷ്ണന്‍ ബാലഗോപാല്‍ എന്ന മലയാളി മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടനെയാകെ ഞെട്ടിച്ച ഈ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി തയ്യാറാക്കിയത്. ഗവണ്‍മെന്റ് വെബ്‌സൈറ്റ് വഴി അപേക്ഷിച്ചാല്‍ കേവലം 551 പൗണ്ട് മാത്രം ചെലവാകുന്ന വീസയ്ക്കായി ആറായിരം മുതല്‍ പതിനായിരം പൗണ്ടുവരെ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന് നല്‍കിയാണ് ജോലി സംബാധിച്ചതെന്നു കെയര്‍മാരായെത്തിയ മലയാളികളില്‍ ചിലര്‍ മലയാളത്തില്‍ തന്നെ ബി.ബി.സി ഡോക്യുമെന്ററിയില്‍ തുറന്നു സമ്മതിക്കുന്നു. മറ്റൊരു സ്ഥലത്ത് ജോലി തേടിപ്പോകാന്‍ പോലും കഴിയാത്തവിധം നഴ്‌സിങ് ഹോമുകളില്‍ കുരുക്കിലായി പോകുന്ന സാഹചര്യവും മലയാളിയായ നഴ്‌സുമാരും, കെയറര്‍മാരും വിഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. 2023ല്‍ ബ്രിട്ടനില്‍ ആരോഗ്യ മേഖലയിലെ ജോലിക്കായി എത്തിയവരില്‍ മഹാഭൂരിപക്ഷവും മലയാളികള്‍ ആയിരുന്നു. മനസാക്ഷിയും നീതിബോധവുമില്ലാത്ത ഏജന്റുമാരും സബ് ഏജന്റുമാരും നടത്തുന്ന തീവെട്ടി കൊള്ളയ്ക്ക് ഇരയായി ബ്രിട്ടനിലെത്തുന്ന നഴ്‌സിങ് മോഖലയിലെ ജോലിക്കാരാണ് പിന്നീട് കെയര്‍ ഹോമുകളില്‍ അമിതജോലിയും അതിന്റെ മാനസിക സമ്മര്‍ദവുമായി കഴിയേണ്ടി വരുന്നത്.