മെഡിക്കൽ കോളേജുകളിൽ ക്ഷയ രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമൊരുക്കാൻ തീരുമാനം.

മെഡിക്കൽ കോളേജുകളിൽ ക്ഷയ രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമൊരുക്കാൻ തീരുമാനം. എല്ലാ ജില്ലകളിലുമുള്ള മെഡിക്കൽ കോളേജുകളിൽ ക്ഷയരോഗികൾക്കായി നിശ്ചിത ശതമാനം ബെഡുകൾ മാറ്റിവെക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ സംസ്ഥാനതല ടാസ്‌ക് ഫോഴ്സ് യോഗത്തിൽ തീരുമാനമായി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന യോഗം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള 9 മെഡിക്കൽ കോളേജുകൾക്ക് പുറമെ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ടിബി നിർണയ, ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ടിബി ഇല്ലായ്മ ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളിൽ ബോധവത്കരണം വളരെ പ്രധാനമാണെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. രോഗികൾക്ക് രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയും മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയുമാണ് ആവശ്യമെന്നും ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗികൾക്ക് ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കാൻ സാധിക്കണമെന്ന് യോഗത്തിൽ സംസാരിച്ച നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാനതല ഡയറക്ടർ കെ. ജീവൻ ബാബു പറഞ്ഞു. കൊവിഡിനു ശേഷം പല മെഡിക്കൽ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും ടിബി ചികിത്സാ വാർഡുകൾ ഒഴിവാക്കപ്പെട്ടതായും രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുന്നതിനായി ഒരോ ജില്ലയിലും ചുരുങ്ങിയത് 3 ടിബി സെന്ററുകൾ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.