ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പകര്‍ച്ച

ആശങ്കയുയര്‍ത്തി ചൈനയില്‍ കുട്ടികളില്‍ ‘നിഗൂഢ’ ന്യൂമോണിയ പകര്‍ച്ച. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞതായും സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം ബീജിങിലെ പല സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം കുട്ടികളില്‍ പടരുന്ന ശ്വാസകോശ രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചൈനയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും WHO ആവശ്യപ്പെട്ടു. മനുഷ്യരിലും മൃഗങ്ങളിലും പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്ന പ്രോമെഡ് (ProMed) എന്ന പ്ലാറ്റ്‌ഫോമും ചൈനയിലെ കുട്ടികളില്‍ പടരുന്ന ന്യൂമോണിയയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്നവരെ ഈ രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും പ്രോമെഡ് പറയുന്നു.