ശമ്പള പരിഷ്‌കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ധർണ നടത്താൻ തീരുമാനം

ശമ്പള പരിഷ്‌കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിന് മുന്നിലും ധര്‍ണ നടത്താനാണ് തീരുമാനം. തുടര്‍ന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് വി.ഐ.പി ഡ്യൂട്ടി, പുറത്തുള്ള മറ്റ് ഡ്യൂട്ടികള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.