രാജ്യത്തിന് മാതൃകയായി കേരളത്തിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം. എഎംആര്‍ സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ ബ്ലോക്കുതല എഎംആര്‍ കമ്മിറ്റികളും രൂപീകരിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക ദ്രുതകര്‍മ്മ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോക എ.എം.ആര്‍. അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ശക്തമായ ബോധവത്ക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായും ആരോഗ്യ മന്ത്രി കൂട്ടി ചേര്‍ത്തു. നവംബര്‍ 18 മുതല്‍ 24 വരെയാണ് ലോക എ.എം.ആര്‍. അവബോധ വാരാചരണം.