ഓരോ വർഷവും ലോകത്ത് 400 ദശലക്ഷം പേരെ ബാധിക്കുന്ന ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് വികസിപ്പിച്ച് ജോൺസൺ ആൻഡ് ജോൺസൺ. ജെഎൻജെ-1802 എന്ന് പേരിട്ടിട്ടിരിക്കുന്ന മരുന്ന് മനുഷ്യരിൽ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ജോൺ ഹോപ്‌കിൻസ് ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തുമായി ചേർന്ന് നടത്തിയ ആദ്യ ഘട്ട പരീക്ഷണത്തിൽ 10 വൊളന്റിയർമാരാണ് പങ്കെടുത്തത്. വൈറസ് ഇരട്ടിക്കുന്നതിൽ നിന്ന് ആന്റിവൈറൽ മരുന്നിന് ശരീരത്തിനെ സംരക്ഷിക്കാനായതായി പരീക്ഷണം ചൂണ്ടിക്കാട്ടുന്നു. ലാബിന് പുറത്ത് യഥാർഥ സാഹചര്യങ്ങളിൽ ഈ മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണം നടത്തുകയാണ്. പുതിയ മരുന്ന് വിജയകരമായാൽ ഡെങ്കിപ്പനി മൂലമുള്ള മരണത്തിൽനിന്നു ഏഷ്യയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ലക്ഷണക്കണക്കിന് പേരെ രക്ഷിക്കാൻ സാധിക്കുമെന്ന് ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു.